പാലാ: ശിശുവധ പ്രദര്‍ശനത്തില്‍ യഹൂദ സ്ത്രീയുടെ വേഷം ധരിച്ച് സാമൂഹ്യ പ്രവര്‍ത്തകയും ജോസ് കെ. മാണി എംപിയുടെ ഭാര്യയുമായ നിഷ ജോസ് കെ. മാണി. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ രാക്കുളി തിരുനാളിനോടനുബന്ധിച്ചു നടന്ന ശിശുവധ പ്രദര്‍ശനത്തിലാണ് നിഷ വേഷമണിഞ്ഞത്.
ഹേറോദോസ് രാജാവിന്റെ കല്പനപ്രകാരം ശിശുക്കളെ വധിക്കാനായി പടയാളികള്‍ എത്തുമ്പോള്‍ കുഞ്ഞിനെയുമായി ഓടി രക്ഷപ്പെടുന്ന രംഗമായിരുന്നു നിഷ പ്രധാനമായും അവതരിപ്പിച്ചത്. ശിശുവധ പ്രദര്‍ശനത്തില്‍ മൂന്നു റോളുകളിലാണ് നിഷ അഭിനയിച്ചത്.
യേശുവിന്റെ ജ്ഞാനസ്നാനം നോക്കി കാണുന്ന യഹൂദ സ്ത്രീയുടെ വേഷവും പുല്‍ക്കൂട്ടില്‍ പിറന്ന ദിവ്യ ശിശുവിനെ കാണാനെത്തുന്ന സ്ത്രീയായും നിഷ ജോസ് കെ. മാണി വേഷമിട്ടു. പ്രസിദ്ധമായ പാലാ വലിയ പള്ളിയിലെ രാക്കുളി തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന മലയുന്ത് പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ രൂപം സംവഹിക്കാനും ഇടവകാംഗം കൂടിയായ നിഷ എത്തുന്നുണ്ട്.
ചരിത്ര പ്രസിദ്ധമായ ഈ ആചാരങ്ങളില്‍ പതിവായി എത്താറുള്ളതാണെന്നും വലിയ ദൈവനാനുഗ്രഹമായി ഇതിനെ കാണുന്നതായും നിഷ ദീപിക ഓൺലൈനിനോടു പറഞ്ഞു. കൃത്യമായ ചികിത്സയിലൂടെ കാന്‍സര്‍ രോഗത്തെ അതിജീവിച്ച നിഷ ഇപ്പോള്‍ കേരളമൊട്ടാകെ കാന്‍സര്‍ ബോധവത്കരണ പരിപാടികളിലും സജീവമാണ്.